പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിച്ച ജില്ലാ പോലീസ് ഓഫീസ് എന്ന ബഹുമതി പത്തനംതിട്ടയ്ക്ക്. മന്ത്രി രമേശ് ചെന്നിത്തല ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനം നല്കുന്ന നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് സര്ട്ടിഫിക്കേഷന് ലഭിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ജില്ലാ പോലീസ് ഓഫീസില്‍ നടപ്പാക്കിയ വിവിധ പരിഷ്കാരങ്ങളുടെയും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് സര്ട്ടിഫിക്കേഷന് കരസ്ഥമാക്കിയത്. ഐഎസ്ഒ 10004: 2018 (ക്വാളിറ്റി മാനേജ്മെന്റ് ആന്‍ഡ് കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്), ഐഎസ്ഒ 9001:2015 (ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം), ഐഎസ്ഒ 14001: 2015 (എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് സിസ്റ്റം), 45001: 2018 (ഒക്കുപ്പേഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം) എന്നീ നാല് അന്താരാഷ്ട്ര നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ ലഭിച്ചു.
സ്ത്രീ സുരക്ഷാ പ്രവര്‍ത്തനം, ഡീ അഡിക്ഷന് കൗണ്‍സലിംഗ്, പോലീസ് വെരിഫിക്കേഷൻ സര്‍ട്ടിഫിക്കറ്റ് സംവിധാനം, ക്രൈംബ്രാഞ്ച് ഓഫീസ്, പൊതുജനങ്ങള്‍ക്കുള്ള ആധുനിക സൗകര്യം തുടങ്ങിയവ ആസ്ഥാനത്തുണ്ട്.
ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, സി.വി. ശാന്തകുമാര്‍, കെ.യു. ജനീഷ് കുമാര്‍, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, തിരുവനന്തപുരം റേഞ്ച് ഡിഐജി ഡോ. ജെ. ഹിമേന്ദ്രനാഥ്, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, അഡീഷണല്‍ എസ്പി ആര്. ജയരാജ്, ഐഎസ്ഒ പ്രതിനിധി എന്‍. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.